തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തലഭ്യത ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ജനകീയ പദ്ധതിയായ പോൽ-ബ്ലഡിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,23,004 പേർ. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയാണ് രക്തദാനം പ്രോത്സാഹിപ്പിക്കുന്ന ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ 2021ൽ ആരംഭിച്ച ഈ പദ്ധതി, രക്തദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. “കാവലിനൊപ്പം കരുതലും” എന്ന പോലീസിന്റെ ആപ്തവാക്യം ഈ പദ്ധതിയിലൂടെ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുകയാണ്.

രക്തം ആവശ്യമുള്ളവർക്കും സ്വമേധയാ രക്തദാനത്തിന് സന്നദ്ധരായവർക്കും ഈ സേവനം ഉപയോഗിക്കാം.

കണക്കുകൾ ഇങ്ങനെ

പോൽ-ബ്ലഡ് സംവിധാനത്തിലൂടെ ഇതുവരെ രക്തത്തിനായി ലഭിച്ചത് 88,936 അപേക്ഷകളാണ്. ആകെ 1,21,913 യൂണിറ്റ് രക്തമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 60,626 യൂണിറ്റ് രക്തം ഈ സംവിധാനത്തിലൂടെ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞു.

രക്തശേഖരണവും ദാനവും സുഗമമാക്കുന്നതിനായി പോൽ-ബ്ലഡ് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 9497990500 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.


വിവരങ്ങൾക്ക് കടപ്പാട്: സംസ്ഥാന പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ പത്രക്കുറിപ്പ് (നമ്പർ: 320/PR/SPMC/PHQ/2026, തീയതി: 29.07.2026)