വടകര: വടകര ദേശീയപാത നിർമ്മാണം സൃഷ്ടിക്കുന്ന ദുരിതങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി എംപി ഷാഫി പറമ്പിൽ വീണ്ടും രംഗത്ത്. ദേശീയപാത അതോറിറ്റി (NHAI) ചെയർമാനെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ച എംപി, നിർമ്മാണത്തിലെ ഗുരുതര വീഴ്ചകൾ വീഡിയോ ദൃശ്യങ്ങൾ സഹിതം ബോധ്യപ്പെടുത്തി.
മണ്ണിടിച്ചിൽ, കടുത്ത ട്രാഫിക് ബ്ലോക്ക്, ഡ്രെയിനേജ് സംവിധാനങ്ങളിലെ പോരായ്മ, സർവീസ് റോഡുകളുടെ നിലവാരത്തകർച്ച, മഴക്കാലത്തുണ്ടാകുന്ന കടുത്ത ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം എംപി ചെയർമാന്റെ മുന്നിൽ വിശദമായി അവതരിപ്പിച്ചു. വടകരയിലെ ദേശീയപാത നിർമ്മാണം ദീർഘകാലമായി ദുരിതപാതയായി തുടരുന്ന സാഹചര്യം എണ്ണമറ്റ തവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങളുടെ ഗൗരവം നേരിട്ട് ബോധ്യപ്പെട്ട സാഹചര്യത്തിൽ, ദേശീയപാത അതോറിറ്റി ചെയർമാൻ നേരിട്ട് വടകര സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചെയർമാന്റെ സന്ദർശനത്തോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.




