വടകര/ഓർക്കാട്ടേരി: ആഗോള സാങ്കേതികവിദ്യ രംഗത്ത് വീണ്ടും ഒരു മലയാളി തിളക്കം. വടകര ഓർക്കാട്ടേരി സ്വദേശി നിർമൽ നമ്പ്യാർ തുടക്കമിട്ട AI സ്റ്റാർട്ടപ്പിനെ 50 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അമേരിക്കൻ ഭീമൻ. SuperAGI എന്ന AI സംരംഭത്തിലൂടെ ലോകശ്രദ്ധ നേടിയ നിർമലിന്‍റെ വിജയം ഏവരെയും അതിശയിപ്പിക്കുന്നു.
മൈക്രോസോഫ്റ്റിലെ 65 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സുരക്ഷിത ജോലി ഉപേക്ഷിച്ച് സ്വന്തം സ്വപ്നത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോൾ നിർമൽ നമ്പ്യാർക്ക് മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — നിർമിത ബുദ്ധി രംഗത്ത് വിപ്ലവം സൃഷ്ടിക്കുക.
IIT ധർവാഡിലെ സഹപാഠി ആദിത്യ ശർമയ്ക്കൊപ്പം ചേർന്ന് തുടങ്ങിയ കമ്പനിക്കു കീഴിൽ വളർത്തിയെടുത്ത SuperAGI എന്ന സംരംഭമാണ് ഇന്ന് ചരിത്രം കുറിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് കേവലം 15 മാസങ്ങൾക്കുള്ളിലാണ്, അമേരിക്കയിലെ പ്രമുഖ 100 കമ്പനികളിൽ ഒന്ന് ഈ ഇന്ത്യൻ സ്റ്റാർട്ടപ്പിനെ 50 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രൊജക്ടുകൾ AI ഏജന്റുകൾ വഴി ഏകോപിപ്പിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ഈ വൻ നേട്ടത്തിന് പിന്നിൽ.
ഏറ്റെടുക്കലിന്‍റെ ഭാഗമായി വൻ ശമ്പള വാഗ്ദാനത്തിലൂടെ കമ്പനിയിൽ തുടരാൻ യുഎസ് സ്ഥാപനം ആവശ്യപ്പെട്ടെങ്കിലും, പുതിയ AI സംരംഭങ്ങളിലേക്കു കടക്കാൻ ആ ഓഫർ പോലും വേണ്ടെന്നു വച്ചിരിക്കുകയാണ് ഈ മലയാളി ചെറുപ്പക്കാരൻ.
ഓർക്കാട്ടേരി നിഷയുടെയും പരേതനായ ഡെപ്യൂട്ടി കമാൻഡർ ആർ. ശ്രീജിന്‍റെയും മകനായ നിർമലിന്‍റെ ഈ ആഗോള നേട്ടത്തിൽ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഓർക്കാട്ടേരിയും വടകരയും.




