റം, വിസ്കി ബ്രാന്‍ഡുകളില്‍ ‘റം ഫ്ലേവര്‍’, ‘വിസ്കി ഫ്ലേവര്‍’ ചേര്‍ത്ത് വില്‍പന നടത്തിയെന്ന് കണ്ടെത്തല്‍; ഓൾഡ് മങ്കിന്‍റെ ‘ഏഴു വര്‍ഷം പഴക്കമുള്ള’ അവകാശവാദവും വ്യാജമെന്ന് സ്ഥിരീകരണം
രാജ്യത്തെ ഏറ്റവുമധികം വിറ്റഴിയുന്ന റം, വിസ്കി ബ്രാന്‍ഡുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI (Food Safety and Standards Authority of India) ശക്തമായ നടപടിയുമായി രംഗത്ത്. കുടിയന്മാരുടെയും സാധാരണക്കാരുടെയും ഇടയില്‍ ഒരുപോലെ പ്രിയപ്പെട്ട ഓൾഡ് മങ്ക് റമ്മും മക്ഡവല്‍സ് നമ്പര്‍ 1 ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളും കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 2ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള PIB മുംബൈ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്താണ് വിവാദം?
സാധാരണഗതിയില്‍ റമ്മിന്‍റെ രുചിയും മണവും ഉണ്ടാകുന്നത് ശര്‍ക്കരപ്പാനി (molasses) പോലുള്ള അസംസ്കൃത വസ്തുക്കള്‍, പുളിപ്പിക്കല്‍ (fermentation), യീസ്റ്റിന്‍റെ പ്രവര്‍ത്തനം, വാറ്റല്‍, പഴക്കം ചെല്ലിക്കല്‍ (maturation) തുടങ്ങിയ പ്രകൃതിദത്ത പ്രക്രിയകളിലൂടെയാണ്. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഈ പ്രക്രിയകള്‍ പിന്തുടരാതെ, യാതൊരു പ്രത്യേക രുചിയുമില്ലാത്ത ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ഉല്‍പന്നം നിര്‍മിക്കുകയും, പുറമേനിന്ന് കൃത്രിമമായി റം അല്ലെങ്കില്‍ വിസ്കി ഫ്ലേവര്‍ ചേര്‍ത്ത് യഥാര്‍ത്ഥ ഉല്‍പന്നമെന്ന വ്യാജേന വില്‍ക്കുകയും ചെയ്യുന്നതായാണ് FSSAI-ന്‍റെ കണ്ടെത്തല്‍.
ഇത്തരം ഉല്‍പന്നങ്ങളെ യഥാര്‍ത്ഥത്തില്‍ “റം-ഫ്ലേവേഡ് സ്പിരിറ്റ്” അല്ലെങ്കില്‍ “വിസ്കി-ഫ്ലേവേഡ് സ്പിരിറ്റ്” എന്നാണ് വിളിക്കേണ്ടതെന്നും, എന്നാല്‍ പായ്ക്കറ്റിന്‍റെ മുന്‍വശത്ത് ഈ യാഥാര്‍ത്ഥ്യം വെളിപ്പെടുത്താതെയാണ് കമ്പനികള്‍ വില്‍പന നടത്തിയതെന്നും FSSAI ചൂണ്ടിക്കാട്ടുന്നു. FSS (Labelling and Display) Regulation, 2020-ലെ 5.1-ാം വകുപ്പ് പ്രകാരം ഉല്‍പന്നത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം പായ്ക്കറ്റിന്‍റെ മുന്‍വശത്ത് വ്യക്തമാക്കണമെന്ന് നിര്‍ബന്ധമാണ്.
Read more on ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു | Vatakara Varthakal
ലാബ് പരിശോധനയില്‍ എന്ത് കണ്ടെത്തി?
വിവിധ കമ്പനികളുടെ റം, വിസ്കി സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍, കൃത്രിമമോ പ്രകൃതി സമാനമോ ആയ ഫ്ലേവറുകള്‍ ചേര്‍ത്തതിനാല്‍ ഈ ഉല്‍പന്നങ്ങള്‍ നിലവാരമില്ലാത്തതാണെന്ന് (sub-standard) ലബോറട്ടറികള്‍ വിലയിരുത്തി. FSS (Alcoholic Beverages) Regulation, 2018-ലെ 2.5-ാം വകുപ്പ് പ്രകാരം റമ്മിന് അതിന്‍റേതായ സ്വാഭാവിക രുചിയും മണവും ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കൃത്രിമ ഫ്ലേവര്‍ ചേര്‍ത്തത് ഉല്‍പന്നത്തിന്‍റെ സ്വാഭാവിക രുചിയെ മറച്ചുവെക്കുകയും അതിനെ നിലവാരമില്ലാത്തതാക്കുകയും ചെയ്യുന്നുവെന്നാണ് ലാബ് റിപ്പോര്‍ട്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ “ഫ്ലേവേഡ്/പ്രീമിക്സ് റം” എന്ന് ലേബലില്‍ വ്യക്തമാക്കാതിരുന്നത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓൾഡ് മങ്കിന്‍റെ ‘ഏഴു വര്‍ഷം പഴക്കം’ അവകാശവാദം പൊളിഞ്ഞു
ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന് ഓൾഡ് മങ്ക് XXX റം വേരിയന്‍റുമായി ബന്ധപ്പെട്ടതാണ്. “7 വര്‍ഷം പഴക്കമുള്ള ബ്ലെന്‍ഡഡ്” എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് FSSAI കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ഈ റമ്മിന്‍റെ പ്രധാന ഘടകം പഴക്കം ചെല്ലാത്ത ന്യൂട്രല്‍ സ്പിരിറ്റാണ്; യഥാര്‍ത്ഥത്തില്‍ പഴക്കം ചെല്ലിച്ച റം സ്പിരിറ്റ് അതില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂ. FSS (Alcoholic Beverages) Regulations, 2018 പ്രകാരം ബ്ലെന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പിരിറ്റിന്‍റെ പ്രായമാണ് അവകാശപ്പെടേണ്ടതെന്നിരിക്കെ, ഇത് വ്യക്തമായ ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍.
Read more on പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും
ഫ്ലേവര്‍ ചേര്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടില്ല; പ്രശ്നം എവിടെയാണ്?
നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം കോഫി, വാനില തുടങ്ങിയ പ്രകൃതിദത്തവും പ്രകൃതി സമാനവുമായ ഫ്ലേവറുകള്‍ മദ്യത്തില്‍ ചേര്‍ക്കുന്നത് നിയമപരമായി അനുവദനീയമാണെന്ന് FSSAI വ്യക്തമാക്കുന്നു. എന്നാല്‍ ഇവിടെ വിഷയമായത് അതല്ല ഒരു ഉല്‍പന്നത്തിന്‍റെ സ്വന്തം സ്വഭാവിക ഫ്ലേവര്‍ തന്നെ കൃത്രിമമായി അതില്‍ ചേര്‍ക്കുന്ന രീതിയാണ് പ്രശ്നമായി കണ്ടത്- അതായത് റമ്മില്‍ റം ഫ്ലേവറും വിസ്കിയില്‍ വിസ്കി ഫ്ലേവറും ചേര്‍ക്കുന്നത്. കാപ്പിയില്‍ കാപ്പി ഫ്ലേവര്‍ ചേര്‍ക്കുന്നതിന് സമാനമായ ഈ രീതിക്ക് ഒരു “സാങ്കേതിക ന്യായീകരണവുമില്ല” എന്നാണ് FSSAI-ന്‍റെ നിലപാട്. Food Safety and Standards (Food Products Standards and Food Additives) Regulations, 2011-ലെ 3.1.1(4), 3.1.1(7) വകുപ്പുകള്‍ ഇക്കാര്യം അടിവരയിടുന്നുണ്ട്.
നടപടി നേരിട്ട കമ്പനികളും ബ്രാന്‍ഡുകളും
ലാബ് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് വില്‍പന നിരോധനം ഏര്‍പ്പെടുത്തി:
മോഹന്‍ റോക്കി സ്പ്രിംഗ്‌വാട്ടര്‍ (ഖോപ്പോലി) – ഓൾഡ് മങ്ക് ദ ലെജന്‍ഡ്, ഗോള്‍ഡ് റിസര്‍വ്, XXX മേച്ച്വേഡ് റം എന്നീ മൂന്ന് വേരിയന്‍റുകള്‍
– യുണൈറ്റഡ് സ്പിരിറ്റ്സ് (ബാരാമതി) – മാക് ഡോവൽ നമ്പര്‍ 1 റം
– INBREW ബെവറേജസ് (മധ്യപ്രദേശ്)– ബാഗ്പൈപ്പര്‍ ഡീലക്സ് വിസ്കി, ഓള്‍ഡ് കാസ്ക് ഡീലക്സ് XXX റം
– അസോസിയേറ്റഡ് ആല്‍ക്കഹോള്‍ & ബ്രൂവറീസ് (മധ്യപ്രദേശ്)– സെന്‍ട്രല്‍ പ്രോവിന്‍സ് വിസ്കി, മക്ഡവല്‍സ് നമ്പര്‍ 1 സെലിബ്രേഷന്‍ മേച്ച്വേഡ് XXX റം
– യുണൈറ്റഡ് സ്പിരിറ്റ്സ് (മധ്യപ്രദേശ്)– ആന്‍റിക്വിറ്റി ബ്ലൂ വിസ്കി, റോയല്‍ ചലഞ്ച് വിസ്കി

ഇതിനുപുറമെ ഗോവയിലെ മണ്ടെക്സി ഡിസ്റ്റിലറീസ് & ബ്രൂവറീസില്‍ പരിശോധനയും സാമ്പിള്‍ ശേഖരണവും നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആറ് നിര്‍മാതാക്കള്‍ക്ക് കൂടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും FSSAI അറിയിച്ചു.
ചില കമ്പനികള്‍ക്ക് നിബന്ധനകളോടെ ഇളവ്
രണ്ട് നിര്‍മാതാക്കളുടെ അപ്പീലിന്‍റെ അടിസ്ഥാനത്തില്‍, നിലവിലുള്ള സ്റ്റോക്ക് വില്‍ക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉല്‍പന്നത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം പായ്ക്കറ്റിന്‍റെ മുന്‍വശത്ത് വെളിപ്പെടുത്തണമെന്ന നിബന്ധനയോടെയാണിത്. ഭാവിയിലെ ഉല്‍പാദനത്തില്‍ റം അല്ലെങ്കില്‍ വിസ്കി പോലുള്ള ഐഡന്‍റിക്കല്‍ ഫ്ലേവറുകള്‍ ചേര്‍ക്കരുതെന്നും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ബ്രാന്‍ഡുകളും പ്രതിക്കൂട്ടിലല്ല
വിവാദം ചില നിര്‍മാതാക്കളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും, ഭൂരിഭാഗം കമ്പനികളും നിലവാരമുള്ള മദ്യ ഉല്‍പന്നങ്ങള്‍ തന്നെയാണ് നിര്‍മിക്കുന്നതെന്നും FSSAI വ്യക്തമാക്കുന്നു. ന്യൂട്രല്‍ അല്ലെങ്കില്‍ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ പ്രധാന ഘടകമായി ഉപയോഗിച്ച്, അതില്‍ കൃത്രിമ ഫ്ലേവര്‍ ചേര്‍ക്കുന്ന ചില കമ്പനികളില്‍ മാത്രമാണ് പ്രശ്നം. റമ്മില്‍ റം ഫ്ലേവര്‍ അല്ലെങ്കില്‍ വിസ്കിയില്‍ വിസ്കി ഫ്ലേവര്‍ ചേര്‍ക്കുന്നത് ലോകത്തെവിടെയും അംഗീകൃതമായ ഒരു നിര്‍മാണ രീതിയല്ലെന്നും FSSAI ഊന്നിപ്പറയുന്നു.
ഉപഭോക്താക്കള്‍ അറിയേണ്ടത്
മദ്യ ഉല്‍പന്നങ്ങളുടെ രാസഘടന അസംസ്കൃത വസ്തുക്കളോട് സത്യസന്ധത പുലര്‍ത്തുന്നതാണെന്ന് ഉറപ്പുവരുത്താനാണ് FSSAI മാനദണ്ഡങ്ങള്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു അഡിറ്റീവും ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കരുതെന്നും, ഭക്ഷ്യ വ്യാപാരത്തിലെ ന്യായമായ നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ചുമതലയെന്നും FSSAI വ്യക്തമാക്കുന്നു.
—
വിവര സ്രോതസ്സ്: PIB മുംബൈ / FSSAI (വെസ്റ്റേണ്‍ റീജിയന്‍), കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (Release ID: 2293484)
English Summary:
FSSAI has taken enforcement action against several major rum and whisky manufacturers, including Old Monk (Mohan Rocky Springwater) and McDowell’s No.1 (United Spirits), for illegally adding identical artificial flavours to mimic the natural taste of rum and whisky. Lab tests found these products sub-standard, and Old Monk’s XXX variant was also found to be falsely claiming “7 years old” ageing despite containing under 5% matured spirit. Sale of several brands has been prohibited, with conditional relaxation for existing stock if true nature is disclosed on the front label.




