തിരുവനന്തപുരം: AI (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ (കെഎസ്ആർടിസി) പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ തിരുവനന്തപുരത്ത് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കായി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കൂടുതൽ പ്രചാരം നേടിവരികയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും മന്ത്രി അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പൊതുജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ മാസവും മികച്ച ഡ്രൈവർമാരെയും കണ്ടക്ടർമാരെയും തിരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ വികസനത്തിനും പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ഗതാഗത വികസന സമിതികൾ രൂപീകരിച്ചുവരികയാണ്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇത്തരമൊരു സമിതി രൂപീകരിച്ച് മാതൃക കാട്ടിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

കെഎസ്ആർടിസിയുടെ 24 മണിക്കൂർ ടോൾ ഫ്രീ കസ്റ്റമർ കെയർ സേവനമായ 149ഉം നവീകരിച്ച കൊറിയർ സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. 9447071021 എന്ന നമ്പറിലൂടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകും.

ചടങ്ങിൽ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സ്വാഗതം ആശംസിച്ചു.




