കരാർ ടെർമിനേറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; ഷാഫി പറമ്പിൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര നടപടി
ന്യൂഡൽഹി/വടകര: ദേശീയപാത 66-ൽ അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനും വടകരയിലെ യാത്രാദുരിതത്തിനും എതിരെ കേന്ദ്രം കർശന നടപടിയിലേക്ക്. നിർമ്മാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നൽകാനും, വീഴ്ച തുടർന്നാൽ കരാർ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച്.എ.ഐ അംഗങ്ങൾക്കും ചെയർമാനും നിർദ്ദേശം നൽകി.
വടകര എം.പി ഷാഫി പറമ്പിൽ ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഇടപെടൽ.

സർവീസ് റോഡ് തകർച്ചയും മഴവെള്ളക്കെട്ടും ദൃശ്യങ്ങളിലൂടെ ബോധ്യപ്പെടുത്തി
വടകരയിലെ രൂക്ഷമായ യാത്രാ ദുരിതം, സർവീസ് റോഡുകളുടെ തകർച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചിൽ, റോഡിലെ കുഴികൾ എന്നിവ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എം.പി കേന്ദ്രമന്ത്രിക്ക് മുന്നിൽ നേരിട്ട് കാണിച്ചു. നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും സമയബന്ധിതമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെന്നും ചെറിയ കാര്യങ്ങളിൽ പോലും അനന്തമായ കാലതാമസം നേരിടുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യാത്രാദുരിതം തുടരുന്നത് നീതിനിഷേധവും വെല്ലുവിളിയുമാണെന്ന് ഷാഫി പറമ്പിൽ മന്ത്രിയെ ധരിപ്പിച്ചു.
എൻ.എച്ച്.എ.ഐ അംഗത്തെ നേരിട്ടു വിളിച്ചുവരുത്തി ഗഡ്കരി
വിഷയം ഗൗരവത്തോടെ കണ്ട കേന്ദ്രമന്ത്രി, കേരളത്തിന്‍റെ ചുമതലയുള്ള എൻ.എച്ച്.എ.ഐ അംഗത്തെ ഉച്ചയ്ക്ക് 12:30-ഓടെ ഓഫീസിലേക്ക് നേരിട്ടു വിളിച്ചുവരുത്തുകയും ചെയർമാനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ജനങ്ങളെ ഇനിയും പ്രയാസപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, യാത്രാദുരിതം തുടരുകയാണെങ്കിൽ അദാനി ഗ്രൂപ്പിനെ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നത് ആലോചിക്കേണ്ടി വരുമെന്ന സന്ദേശം കമ്പനിക്ക് നൽകാൻ ഉത്തരവിട്ടു.
തലേദിവസത്തെ പരിശോധനാ റിപ്പോർട്ട് തേടി മന്ത്രി
എം.പി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അഴിയൂർ-വെങ്ങളം റീച്ചിലെ തൽസ്ഥിതി വിലയിരുത്താൻ എൻ.എച്ച്.എ.ഐ ചെയർമാന്‍റെ നിർദ്ദേശപ്രകാരം തലേദിവസം പരിശോധന നടന്നതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ഈ പരിശോധനയുടെയും നിലവിലെ പ്രവൃത്തികളുടെയും കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിന്‍റെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ എൻ.എച്ച്.എ.ഐ ചെയർമാനും ഉദ്യോഗസ്ഥർക്കും കൈമാറാനും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.
പുരോഗതിയില്ലെങ്കിൽ കമ്പനിക്ക് വിലക്ക്
പ്രശ്നങ്ങൾ പരിഹരിച്ച് കൃത്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ കരാർ കമ്പനിയെ പ്രവൃത്തിയിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന കർശനമായ മുന്നറിയിപ്പാണ് എം.പിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നൽകിയിരിക്കുന്നത്.




