വസ്ത്രങ്ങള്‍ക്ക് 30% റിബേറ്റ്

ബാലുശ്ശേരി: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമില്‍ ഓണം ഖാദി മേളക്ക് തുടക്കം. വി.ടി സൂരജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. അറപ്പീടിക റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജഫസീറ നൗഫലിന് ഉല്‍പന്നങ്ങള്‍ കൈമാറി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വൈശാഖ് കണ്ണോറ ആദ്യ വില്‍പന നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ വി. ഷിബു, മുന്‍ വാര്‍ഡ് മെംബര്‍ ഷൈബാഷ് കുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ടി.വി നീഷ്മ, ജൂനിയര്‍ സൂപ്രണ്ട് ഷൈന്‍ ഇ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഓണത്തിന്റെ ഭാഗമായി സാരികള്‍, മുണ്ടുകള്‍, ഷര്‍ട്ടുകള്‍, ചുരിദാറുകള്‍, തേന്‍, എള്ളെണ്ണ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് വില്‍പനക്കുള്ളത്. എല്ലാ വസ്ത്രങ്ങള്‍ക്കും 30 ശതമാനം റിബേറ്റ് ലഭിക്കും. ഓഗസ്റ്റ് 25 വരെ എല്ലാ അവധി ദിനങ്ങളിലും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ പര്‍ച്ചേസ് നടത്താനും സൗകര്യമുണ്ട്. പ്രത്യേക സമ്മാനപദ്ധതി വഴി ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.