പ്രമേഹ ചികിത്സാരംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ട് ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ബേസൽ ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും എത്തി. നിത്യേനയുള്ള കുത്തിവയ്പ്പിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കി, ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയെന്നതാണ് ഈ മരുന്നിന്‍റെ പ്രത്യേകത. ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്‌കാണ് ഈ ഇൻസുലിൻ ഇൻജെക്ഷൻ വികസിപ്പിച്ചത്.

70 യൂണിറ്റ് ഇൻസുലിന്‍റെ വില 261

എന്താണ് അവിക്ലി?

‘ഇൻസുലിൻ ഐക്കോഡെക്’ (insulin icodec) എന്ന ജനറിക് നാമത്തിലറിയപ്പെടുന്ന അവിക്ലി, ദീർഘനേരം പ്രവർത്തിക്കുന്ന ഒരു ബേസൽ ഇൻസുലിനാണ്. നിലവിൽ പ്രമേഹരോഗികൾ പ്രതിവർഷം 365 തവണ കുത്തിവയ്പ്പ് എടുക്കേണ്ടി വരുന്നിടത്ത്, അവിക്ലി ഉപയോഗിക്കുന്നവർക്ക് വർഷത്തിൽ 52 തവണ മാത്രം മതിയാകും. വയറ്റിലോ തുടയിലോ കൈയുടെ മുകൾഭാഗത്തോ, എല്ലാ ആഴ്ചയും ഒരേ ദിവസം തന്നെ ഇത് കുത്തിവയ്ക്കണം.

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ഭക്ഷണക്രമത്തിനും വ്യായാമത്തിനും അനുബന്ധമായി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനാണ് അമേരിക്കൻ ഭക്ഷ്യ-ഔഷധ അതോറിറ്റി (എഫ്ഡിഎ) ഈ വർഷം മാർച്ചിൽ അവിക്ലിക്ക് അനുമതി നൽകിയത്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 13-ലധികം രാജ്യങ്ങളിൽ ഇതിനകം ഈ മരുന്ന് ലഭ്യമാണ്.

Health news around you :

മരുന്നുകടകളിൽ സിസിടിവി നിരീക്ഷണം നിർബന്ധമാക്കുന്ന പുതിയ കേന്ദ്ര കരട് നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ 👉 മരുന്നുകടകളിൽ ഇനി CCTV നിർബന്ധം എന്ന ലേഖനം വായിക്കുക..

ഇന്ത്യയിൽ Awiqli-ന് വില എത്ര?

കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് നോവോ നോർഡിസ്‌ക് ഇന്ത്യ അവിക്ലിയുടെ ഔദ്യോഗിക പ്രകാശനം നടത്തിയത്. പ്രതിവാര ഡോസായ 70 യൂണിറ്റ് ഇൻസുലിന്‍റെ വില 261 രൂപയാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ അറിയിച്ചു. 700 യൂണിറ്റ് അടങ്ങിയ 1 എംഎൽ പെൻ ആണ് വിപണിയിൽ ലഭ്യമാകുന്നത്, ഇതിന്‍റെ വില 2,611 രൂപയാണ്.

നിലവിലുള്ള മറ്റ് ബേസൽ ഇൻസുലിൻ ചികിത്സകളെ അപേക്ഷിച്ച് 30-40 ശതമാനം വരെ കുറഞ്ഞ യൂണിറ്റ് വിലയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ലാൻ്റസ് (Lantus) പോലുള്ള വിദേശ ബ്രാൻഡുകളോടും ബയോകോൺ, എറിസ് ലൈഫ് സയൻസസ്, ലുപിൻ തുടങ്ങിയ ഇന്ത്യൻ കമ്പനികളുടെ ഇൻസുലിൻ ഗ്ലാർജിൻ ഉൽപ്പന്നങ്ങളോടുമാണ് അവിക്ലി മത്സരിക്കുക.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്നത്തെ ഒ.പി സമയക്രമങ്ങളും ലഭ്യമായ സേവനങ്ങളും അറിയാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പി വിവരങ്ങൾ എന്ന ലേഖനം വായിക്കുക.

കേരളത്തിലെ പ്രമേഹരോഗികൾക്ക് എന്ത് പ്രസക്തി?

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രമേഹ വ്യാപനമുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്, ഇത്തരമൊരു ചികിത്സാ മാർഗം ശ്രദ്ധേയമാണ്. ദിവസവും ഇൻസുലിൻ എടുക്കാൻ മടിക്കുന്നവരും, കുത്തിവയ്പ്പിനെ ഭയക്കുന്നവരുമായ നിരവധി രോഗികൾ കടത്തനാട്-വടകര മേഖലയിലുമുണ്ട്. ഇൻജെക്ഷൻ ഭയം കാരണം ഇൻസുലിൻ ചികിത്സ വൈകിപ്പിക്കുന്ന പ്രവണത കുറയ്ക്കാൻ ഇത്തരം ആഴ്ചതോറുമുള്ള ചികിത്സാരീതികൾ സഹായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

എന്നിരുന്നാലും, ഏതൊരു പുതിയ ഇൻസുലിൻ ചികിത്സയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ആരംഭിക്കാവൂ. ഡോസേജ്, പാർശ്വഫലങ്ങൾ, മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തനം എന്നിവ ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് വ്യത്യാസപ്പെടും എന്നതിനാൽ, പ്രാദേശിക ഡയബറ്റോളജിസ്റ്റുകളെയോ ഫിസിഷ്യൻമാരെയോ സമീപിച്ച് വിശദമായി ചർച്ച ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കാൻ ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

പതിവ് ചോദ്യങ്ങൾ

അവിക്ലി ആർക്കൊക്കെ ഉപയോഗിക്കാം? നിലവിൽ ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവർക്കാണ് അമേരിക്കയിൽ എഫ്ഡിഎ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ലഭ്യമാണ്. ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നത് ഡോക്ടർ പരിശോധിച്ച ശേഷം മാത്രമേ തീരുമാനിക്കാവൂ.

ആഴ്ചയിൽ എത്ര തവണ കുത്തിവയ്ക്കണം? ആഴ്ചയിൽ ഒരു തവണ, എല്ലാ ആഴ്ചയും ഒരേ ദിവസം എടുക്കണം.

കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണോ? ദേശീയതലത്തിൽ വിതരണം ആരംഭിച്ചതോടെ ഘട്ടംഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക ലഭ്യത സംബന്ധിച്ച് ഏറ്റവും പുതിയ വിവരത്തിന് സമീപത്തെ ഫാർമസിയുമായോ ഡോക്ടറുമായോ ബന്ധപ്പെടുന്നതാകും ഉചിതം.

എന്താണ് അവിക്ലി (Awiqli) ഇൻസുലിൻ?

ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ബേസൽ ഇൻസുലിൻ ആണ് അവിക്ലി (Insulin Icodec).

അവിക്ലി ഇൻസുലിൻ ഇന്ത്യയിൽ ആയാണ് അവതരിപ്പിച്ചത്?

ഡെൻമാർക്ക് ആസ്ഥാനമായുള്ള നോവോ നോർഡിസ്ക് (Novo Nordisk) കമ്പനിയാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഈ മരുന്ന് ഉപയോഗിക്കുമ്പോൾ ദിവസേനയുള്ള കുത്തിവയ്പ്പ് ഒഴിവാക്കാൻ പറ്റുമോ?

അതെ, ദിവസേനയുള്ള കുത്തിവയ്പ്പുകൾക്ക് പകരം ആഴ്ചയിൽ ഒരു തവണ മാത്രം ഇത് എടുത്താൽ മതിയാകും.

ഇതിന്റെ പ്രതിവാര ചെലവ് എത്രവരും?

ശരാശരി 70 യൂണിറ്റിന് ഏകദേശം 261 രൂപയാണ് പ്രതിവാര ചെലവ് കണക്കാക്കുന്നത്.