രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി രാജേഷിന്‍റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ.പി. പോളിനെ സസ്പെൻഡ് ചെയ്യും. തഹസിൽദാർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് സൂചന.

ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ തീരുമാനം. മൃതദേഹം കൊണ്ടുപോകുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ജില്ലാ ഭരണകൂടം ബുധനാഴ്ച തന്നെ പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.

മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന പരാതിയും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. കണ്ണൂർ ജില്ലാ കളക്ടർ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. തഹസിൽദാരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയും കൃത്യനിർവഹണത്തിലെ അലംഭാവവും ഉണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നാല് ദിവസം നദിയിൽ കിടന്ന് വീർത്ത നിലയിലായിരുന്ന രാജേഷിന്‍റെ മൃതദേഹം എംബാം ചെയ്യാതെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് സാധാരണ ആംബുലൻസിലായിരുന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വീട്ടിലെത്തുംവരെ മൃതദേഹം തുറക്കരുതെന്ന് ആംബുലൻസ് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.

യാത്രയ്ക്കിടെ ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് തൃശൂർ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം ആംബുലൻസ് നിർത്തി മൃതദേഹം ഫ്രീസർ സൗകര്യമുള്ള മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം പൊതുശ്രദ്ധ നേടിയത്.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ചെറുപുഴയിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മണൽത്തിട്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ നദി നീന്തിക്കടന്ന് സ്വന്തം ലൈഫ് ജാക്കറ്റ് കൈമാറിയ രാജേഷ്, തിരികെ നീന്തുന്നതിനിടെ കയറിലെ പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റാപ്പലിംഗ് പരിശീലകനായ രാജേഷ് സ്വമേധയാ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായിരുന്നു.

കടത്തനാട് ടൈംസ് ഇൽ നിങ്ങളുടെ നാട്ടിലെ വാർത്തകൾ അയക്കു WhatsApp link https://wa.link/hpgsvd number 956 77 91 888