സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ വിവാഹമോചന വിവാദത്തിൽ ആദ്യമായി പ്രതികരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മേഘ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭർത്താവിന്റെ വീട്ടിൽ നിന്ന് മറ്റൊരാളോടൊപ്പമാണ് താൻ ഇറങ്ങിപ്പോയതെന്ന് മേഘ തുറന്നു സമ്മതിച്ചു. എന്നാൽ ഈ ബന്ധം പൂർണമായി ഉപേക്ഷിക്കാൻ വേണ്ടിയായിരുന്നില്ല അതെന്നും അവർ വ്യക്തമാക്കി. പുറത്തുപറയാൻ കഴിയാത്ത ചില ഗുരുതര കാരണങ്ങളാലാണ് വീടുവിടേണ്ടി വന്നതെന്നും, പരസ്പരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇരുവരും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നും മേഘ കൂട്ടിച്ചേർത്തു.

Megha nair, wife youtuber Akhil nrd Instagram screenshot
Megha nair, wife youtuber Akhil nrd Instagram screenshot

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആരുടെയും സ്വർണമോ വസ്തുവകകളോ എടുത്തിട്ടില്ലെന്നും സ്വന്തം സാധനങ്ങൾ മാത്രമാണ് കൊണ്ടുപോയതെന്നും പറഞ്ഞ് ഇതു സംബന്ധിച്ച് പ്രചരിച്ച വ്യാജവാർത്തകൾ അവർ തള്ളിക്കളഞ്ഞു. ഇരുവരും പരസ്പരം സ്വർണം കൈമാറിക്കഴിഞ്ഞെന്നും അവർ അറിയിച്ചു.

പത്തു ദിവസത്തെ ഒളിവുജീവിതം

വീടുവിട്ട ശേഷം പത്തു ദിവസത്തോളം അനൂപിനൊപ്പമാണ് താമസിച്ചതെന്ന് മേഘ വെളിപ്പെടുത്തി. ഇതിനിടെ ഒരു ദിവസം അച്ഛനെ കാണാൻ സ്വന്തം വീട്ടിൽ പോയിരുന്നു; അപ്പോൾ എടുത്ത ചിത്രമാണ് പിന്നീട് പോസ്റ്റ് ചെയ്തതെന്നും അവർ വ്യക്തമാക്കി. നിലവിൽ അനൂപിന്റെ വീട്ടിൽ തന്നെയാണ് താൻ കഴിയുന്നതെന്നും മേഘ സ്ഥിരീകരിച്ചു.

വിവാദത്തിന്റെ പശ്ചാത്തലം

അഖിൽ എൻആർഡിയും മേഘ നായരും തമ്മിലുള്ള ബന്ധവിച്ഛേദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായിരുന്നു. പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്ടറോടൊപ്പം മേഘ ഒളിച്ചോടിയെന്നായിരുന്നു പ്രധാന ആരോപണം. അർധരാത്രി അഖിലിന്റെ വീട്ടിൽ നിന്ന് മേഘ ഇറങ്ങിപ്പോകുന്നതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അന്ന് ഇരുവരും ഇതു സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.

2024-ലായിരുന്നു ഇവരുടെ വിവാഹം. റീൽസ് വീഡിയോകളിലൂടെ വിവാഹത്തിനു മുൻപേ തന്നെ ഇരുവരും പ്രശസ്തരായിരുന്നു. എന്നാൽ ഇവർ ഔദ്യോഗികമായി വിവാഹമോചിതരായോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.