കോഴിക്കോട്: കടലിൽ അസാധാരണ തിരയിളക്കവും ആകാശം ഇരുണ്ടുമൂടുകയും ചെയ്ത സാഹചര്യം അനുകരിച്ച് കാപ്പാട് ബീച്ചിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സുനാമി മോക്ഡ്രിൽ സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമായ ഇൻകോയിസിന്‍റെ മുന്നറിയിപ്പ് സന്ദേശം ജില്ലാ എമർജൻസി ഓപറേഷൻ സെന്ററിൽനിന്ന് താലൂക്ക് എമർജൻസി ഓപറേഷൻ സെന്റർ, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് കൈമാറിയതിന് പിന്നാലെ അപായ സൈറണും മുഴങ്ങിയതോടെ തീരദേശവാസികൾ അതിവേഗം ജാഗ്രതയിലായി.

Read: കേരള തീരത്ത് കള്ളക്കടൽ റെഡ് അലർട്ട്; വടകര അടക്കമുള്ള തീരമേഖലയിൽ ഇന്ന് രാത്രി സൈറൺ മുഴങ്ങും

രക്ഷാപ്രവർത്തനം ചടുലം

പൊലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ വാഹനങ്ങളും ആംബുലൻസുകളും തീരത്തേക്ക് കുതിച്ചെത്തുകയും അതിവേഗം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരെ പ്രത്യേക പരിഗണന നൽകി ആംബുലൻസിൽ ഡിടിപിസി ഓഫീസിന് മുൻവശത്തുള്ള ഷാദി മഹലിലേക്ക് മാറ്റി. ആവശ്യമായവർക്ക് പ്രാഥമിക ചികിത്സയും നൽകി.

Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം

Read: ഗർഭിണികളായ വനിതാ പോലീസുകാർക്ക് യൂണിഫോം പരിഷ്കരിച്ചു:

ലക്ഷ്യമിട്ടത് സന്നദ്ധത പരിശോധന

ദുരന്തമുണ്ടായാൽ വിവിധ വകുപ്പുകൾ കൂട്ടായ്മയോടെ എത്രവേഗം പ്രതികരിക്കുമെന്നും ജനങ്ങളെ എങ്ങനെ അതിവേഗം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാനാകുമെന്നും പരിശോധിക്കുകയായിരുന്നു മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്. ഗതാഗത നിയന്ത്രണം, ആംബുലൻസ് സേവനം, പ്രാഥമിക ചികിത്സ, രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സൗകര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും മോക്ഡ്രില്ലിന്‍റെ ഭാഗമായി നടന്നു. തീരദേശ മേഖലയിലെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിവിധ വകുപ്പുകളുടെ ഏകോപനവും പ്രകടമായ മോക്ഡ്രിൽ 11.30ഓടെയാണ് അവസാനിച്ചത്.

പങ്കാളികളും അവലോകനവും

അഗ്‌നിരക്ഷാ സേന, പൊലീസ്, തീരദേശ സേന, റവന്യൂ, ഫിഷറീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ദുരന്തനിവാരണ വകുപ്പുകളും ജനപ്രതിനിധികളും എമർജൻസി റെസ്‌പോൺസ് ടീം, യുവ ആപ്ദ മിത്ര ടീം, സന്നദ്ധ പ്രവർത്തകരും മോക്ഡ്രില്ലിൽ പങ്കാളികളായി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ രക്ഷാപ്രവർത്തനത്തിന്‍റെ വിവിധ ഘട്ടങ്ങളും കാര്യക്ഷമമാക്കേണ്ട സംവിധാനങ്ങളും വിലയിരുത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് സുബൈദ കബീർ, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ പി.പി.ശാലിനി, ഹസാർഡ് അനലിസ്റ്റ് അശ്വതി, ദുരന്ത നിവാരണ പ്ലാൻ കോ-ഓഡിനേറ്റർ തസ്‌ലീം ഫാസിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

In brief: A tsunami mock drill was conducted at Kappad beach in Chemancheri panchayat, Kozhikode district, under State Disaster Management Authority guidelines. INCOIS’s simulated warning triggered the alert siren, prompting police, fire and rescue, health, and local self-government departments to move vulnerable residents to a safe shelter and test coordinated emergency response