കണ്ണൂർ: റെയിൽവേ സ്റ്റേഷന് മുന്നിലെ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം സ്വദേശി ചന്ദ്രൻ (63) കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഒരു മാസം നീണ്ട സാഹസിക തെരച്ചിലിനൊടുവിൽ കണ്ണൂർ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിയായ റോബിൻ (33) ആണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് പിടിയിലായത്.

കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന റോബിൻ ആരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ജോലിയെടുക്കുകയും രാത്രിയിൽ അവിടെത്തന്നെ ഉറങ്ങുകയുമായിരുന്നു ഇയാളുടെ രീതി. സംഭവം നടന്ന ദിവസം മുതൽ ഇയാൾ നഗരത്തിൽ നിന്ന് അപ്രത്യക്ഷനായി.

അന്വേഷണം വഴിത്തിരിവായത് പിതാവിന്റെ ഫോൺ കോളിലൂടെ

പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൃത്യമായ സൂചനകൾ ലഭിക്കാതിരുന്നതും പോലീസിന് വലിയ വെല്ലുവിളിയായി. തുടർന്ന് റോബിന്റെ കുടുംബ പശ്ചാത്തലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ മുഹമ്മയിലുള്ള പിതാവിനെക്കുറിച്ച് വിവര ലഭിക്കുന്നത്.

പിതാവുമായി പ്രതി വല്ലപ്പോഴും അപരിചിതരുടെ ഫോണിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന സംശയത്തെ തുടർന്ന് പിതാവിന്റെ ഫോൺ കോളുകൾ പോലീസ് നിരീക്ഷണത്തിലാക്കി. ഇതിൽ വിശാഖപട്ടണത്ത് നിന്ന് വന്ന ഒരു അജ്ഞാത കോൾ ശ്രദ്ധയിൽപ്പെട്ടു. മേസ്തിരിപ്പണിക്കാരനായ തനിക്ക് അന്യസംസ്ഥാന തൊഴിലാളി ചെയ്ത കോളാണെന്നായിരുന്നു പിതാവിന്റെ പ്രതികരണം. എന്നാൽ ഈ നമ്പറിലേക്ക് കൂടുതൽ കോളുകൾ പോയിട്ടില്ലെന്ന് കണ്ടതോടെ പോലീസ് അന്വേഷണം വിശാഖപട്ടണത്തിലേക്ക് വ്യാപിപ്പിച്ചു.

200 ഓളം തൊഴിലാളികളുടെ ഷെഡുകൾ പൂട്ടി തപ്പിയ പോലീസ്

തുടർന്ന് വിശാഖപട്ടണം തുറമുഖത്തിന് സമീപമെത്തിയ അന്വേഷണസംഘം, ഫോൺ ഉടമയെ കണ്ടെത്തി പ്രതിയുടെ ചിത്രം കാണിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒരു മാസം മുൻപ് തമിഴ്‌നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തിയ ആൾ തന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി.

അന്യസംസ്ഥാനക്കാരായ 200-ഓളം തൊഴിലാളികൾ താൽക്കാലിക ഷെഡുകളിൽ താമസിക്കുന്ന പ്രദേശത്തായിരുന്നു പ്രതി ഒളിച്ചുപാർത്തത്. ആൾക്കൂട്ടത്തിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ പ്രയാസമായതോടെ, എല്ലാ ഷെഡുകളും പുറത്തുനിന്ന് പൂട്ടി ഓരോന്നായി പോലീസ് പരിശോധന തുടങ്ങി. തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം മറികടന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു ഷെഡിൽ നിന്ന് പ്രതിയെ കണ്ടെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച റോബിനെ പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി ആസാദ് എം.പി., ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം എന്നിവർ ചേർന്നാണ് പ്രതിയെ കണ്ണൂരിലെത്തിച്ചത്.

Read special Featured Article below:

കടത്തനാടൻ വീരഗാഥകളിലൂടെയും വടക്കൻ പാട്ടുകളിലൂടെയും പ്രശസ്തമായ ഈ ക്ഷേത്രം വടക്കൻ മലബാറിന്റെ Lokanarkavu Temple