കണ്ണൂർ: റോബോട്ട് കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവിനെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 20.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കർണാടകയിലെ ബെംഗളൂരുവിൽ നിന്ന് കൊറിയർ/പാഴ്‌സൽ മാർഗമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം എസ്.ഐ ഉണ്ണികൃഷ്ണൻ പി., എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.