തിക്കോടി: ടിക്കറ്റെടുത്ത സ്റ്റോപ്പിൽ ഇറക്കാതെ യുവതിയെ രാത്രി ദേശീയപാതയിൽ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞു. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘കൃതിക’ ബസാണ് തിക്കോടിയിൽ വച്ച് നാട്ടുകാർ തടഞ്ഞത്.
കോഴിക്കോട്ടുനിന്ന് തിക്കോടിയിലേക്ക് ടിക്കറ്റെടുത്ത യുവതിയെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ബസ് ജീവനക്കാർ ദേശീയപാതയിൽ ഇറക്കിവിട്ടത്. രാത്രിയായതിനാലും ഉയരമുള്ളതിനാലും ദേശീയപാതയിൽനിന്ന് താഴേക്ക് ഇറങ്ങാനാകാതെ യുവതി ദുരിതത്തിലായി. തുടർന്ന് പ്രദേശവാസികൾ കോണി ഉപയോഗിച്ചാണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്.
#onam-beverage-bevco-sale-data-2026
പോലീസെത്തി; ജീവനക്കാർക്ക് മുന്നറിയിപ്പ്
ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം ബസ് സർവീസ് റോഡിലൂടെ എത്തിയപ്പോഴാണ് നാട്ടുകാർ ബസ് തടഞ്ഞത്. ഇതോടെ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി രംഗം തണുപ്പിച്ചു.
ട്രാഫിക് ബ്ലോക്ക് കാരണം സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരിയെ ദേശീയപാതയിൽ ഇറക്കേണ്ടി വന്നതെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ ടിക്കറ്റ് നൽകുമ്പോഴോ യാത്ര ആരംഭിക്കുമ്പോഴോ ജീവനക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലെന്ന് യുവതി പറഞ്ഞു. ടിക്കറ്റെടുത്ത യാത്രക്കാരെ കൃത്യമായി അവരവരുടെ സ്റ്റോപ്പിൽ തന്നെ ഇറക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പോലീസ് ബസ് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി.






