കോഴിക്കോട്: വടകര ചോമ്പാല മാടാക്കര ജുമാ മസ്ജിദിലുണ്ടായ (Maadaakkara Muhyudheen Juma Masjid)) തർക്കത്തിൽ പോലീസ് ഇടപെടലിൽ ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിനെത്തുടർന്ന് ചോമ്പാല സ്റ്റേഷനിലെ അഞ്ച് പോലീസുകാർക്കെതിരെ നടപടി. ചോമ്പാല എസ്.എച്ച്.ഒ (എസ്.ഐ) ഷമീൽ പി.പി. ഉൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.
എസ്.എച്ച്.ഒ ഷമീലിന് പുറമെ എ.എസ്.ഐമാരായ മനോജൻ എം.വി, മനോജ് കുമാർ കെ.എം, സി.പി.ഒമാരായ അനിൽ കുമാർ എൻ.പി, പ്രവീൺ കുമാർ സി എന്നിവർക്കെതിരെയാണ് നടപടി.
പയ്യോളി എസ്.എച്ച്.ഒ ജയ്‌മോൻ പി.ജെയെ ചോമ്പാല പോലീസ് സ്റ്റേഷന്റെ പുതിയ എസ്.എച്ച്.ഒ ആയി നിയമിച്ചു. പയ്യോളി സ്റ്റേഷനിലെ ജയദാസൻ എം.കെയാണ് പുതിയ പയ്യോളി എസ്.എച്ച്.ഒ.
മാടാക്കര പള്ളിയിൽ മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിലും തുടർന്നുണ്ടായ പോലീസ് നടപടിയിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്ന റൂറൽ പോലീസിന്റെ പ്രാഥമിക വിലയിരുത്തലിനെത്തുടർന്നാണ് അടിയന്തര സ്ഥലംമാറ്റം.







