വടകര: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സെപ്റ്റംബർ 1-ന് ന്യൂഡൽഹി രാംലീല മൈതാനിയിൽ സിപിഐ സംഘടിപ്പിക്കുന്ന ‘ബദലാവ് സരൂരി ഹേ’ (മാറ്റം അനിവാര്യമാണ്) ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വടകര താലൂക്കിൽ നിന്ന് യാത്ര തിരിക്കുന്ന 15 അംഗ സമര വളണ്ടിയർമാർക്ക് നാളെ (വെള്ളി) യാത്രയയപ്പ് നൽകും.

വൈകീട്ട് 5 മണിക്ക് വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയയപ്പ് സമ്മേളനം സിപിഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ. ശശി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ ആർ. സത്യനും കൺവീനർ ഇ. രാധാകൃഷ്ണനും അറിയിച്ചു.

രാജ്യത്ത് വർധിച്ചുവരുന്ന വിലക്കയറ്റം, തൊഴില്ലായ്മ, കാർഷിക-തൊഴിലാളി മേഖലകളിലെ പ്രതിസന്ധികൾ എന്നിവയ്‌ക്കെതിരെ ജനവികാരം ഉയർത്തിപ്പിടിച്ചാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം ‘ഡൽഹി ചലോ’ റാലിയും പ്രതിഷേധവും സംഘടിപ്പിക്കുന്നത്. വടകര താലൂക്കിൽ നിന്നുള്ള സംഘം റാലിയിൽ സജീവമായി പങ്കാളികളാകും.