മണിയൂർ: കളിചിരികളും സന്തോഷവും നിറഞ്ഞ ഒരു സാധാരണ ദിനം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദൂരന്തത്തിന് വഴിമാറി. മണിയൂർ പഞ്ചായത്തിലെ പാലയാട് വില്ലേജ് ഓഫീസിന് പിന്നിലുള്ള കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കൗമാരക്കാർ മുങ്ങിമരിച്ചു. ഒതയോത്ത് ബഷീറിന്റെ മകൻ നബീൽ (18), ഓർക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരിസിന്റെ മകൻ സിനാൻ (14) എന്നിവരാണ് മരണപ്പെട്ടത്.


ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. നാലംഗ സംഘമാണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. ഇതിൽ കുളിക്കാനിറങ്ങിയ നബീലും സിനാനും പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. ഓർക്കാട്ടേരി സ്വദേശിയായ സിനാൻ ബന്ധുവായ നബീലിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു. സന്തോഷത്തോടെ പുഴയിലേക്കിറങ്ങിയ രണ്ടുപേരും പിന്നീട് തിരികെ കരയിലേക്ക് കയറിയില്ല.

കുട്ടികൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തീവ്രമായ തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കടവത്ത് അഴിച്ചുവെച്ച ചെരുപ്പുകളും ഉടുപ്പുകളും മാത്രം ബാക്കിയാക്കി അവർ യാത്രയായി. വേർപാടിന്റെ വേദന താങ്ങാനാവാതെ നബീലിന്റെയും സിനാന്റെയും കുടുംബാംഗങ്ങളും ഓർക്കാട്ടേരി, മണിയൂർ നിവാസികളും ആകെ കനത്ത ദുഃഖത്തിലാണ്.
പ്രാദേശിക വാർത്തകളും പോഡ്കാസ്റ്റും ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ: https://chat.whatsapp.com/Lhc7Wrsa77hH9EWCGi81Lq






