മാടാക്കര മഹല്ലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ മഹല്ല് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനം നടത്തി. യഥാർത്ഥ വസ്തുതകൾ പൊതുസമൂഹത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കമ്മിറ്റി രൂപീകരണത്തിന്റെ പശ്ചാത്തലം
മുൻ കമ്മിറ്റിയുമായി തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് മസ്‌ലഹത്ത് ടീം രൂപീകരിച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ വിശദീകരിച്ചു. വഖഫ് പ്രതിനിധിയുടെ നിരീക്ഷണത്തിൽ ജനറൽ ബോഡി വിളിച്ചുചേർത്താണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും, ഇതിന് പഴയ കമ്മിറ്റി ഭാരവാഹികൾ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നെന്നും എന്നാൽ പിന്നീട് അത് ലംഘിച്ച് വഖഫ് ബോർഡിൽ കേസ് നൽകുകയായിരുന്നു എന്നും ഭാരവാഹികളുടെ വാദം.
ഖത്തീബ് തർക്കവും അനുരഞ്ജന ശ്രമവും
ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉയർന്നപ്പോൾ ചോമ്പാല പോലീസിനെയും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളെയും സമീപിച്ചതായി കമ്മിറ്റി അറിയിച്ചു. ഖത്തീബിന് ജുമുഅയ്ക്കും മറ്റ് മതപരമായ കാര്യങ്ങൾക്കും നേതൃത്വം നൽകാമെന്ന ധാരണയിലാണ് ഇത് പരിഹരിച്ചതെന്നാണ് കമ്മിറ്റിയുടെ വിശദീകരണം.
സംഘർഷസാഹചര്യവും പോലീസ് ഇടപെടലും
നബിദിന മൗലൂദ് സദസ്സ് തടയുമെന്നും ഖത്തീബ് നേതൃത്വം നൽകാൻ പാടില്ലെന്നും പറഞ്ഞ് എതിർവിഭാഗം ഭീഷണിപ്പെടുത്തിയതായി കമ്മിറ്റി ആരോപിച്ചു. ഇത് സംഘർഷാവസ്ഥയ്ക്ക് കാരണമായെന്നും, പള്ളിയിലെ ആരാധനാക്രമങ്ങൾ തടസ്സപ്പെടാതിരിക്കാനും സംഘർഷം ഒഴിവാക്കാനുമായി ചോമ്പാല പോലീസ് സ്റ്റേഷൻ സി.ഐ ഷിജു ഇ.കെ, എസ്.എച്ച്.ഒ ഷമീൽ പി.പി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇടപെട്ടതായും കമ്മിറ്റി വ്യക്തമാക്കി.
രാഷ്ട്രീയ ഇടപെടലുകളിൽ ആശങ്ക
വസ്തുതകൾ അറിയാതെ ചില രാഷ്ട്രീയ പാർട്ടികൾ പ്രസ്താവനകൾ നടത്തുന്നതിൽ വിഷമമുണ്ടെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹല്ലിന്റെ ഐക്യത്തിനും ക്രമസമാധാനത്തിനുമായി എപ്പോഴും അനുരഞ്ജന പാതയിലാണ് കമ്മിറ്റി മുന്നോട്ട് പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാദേശിക വാർത്തകളും പോഡ്കാസ്റ്റും ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ: https://chat.whatsapp.com/Lhc7Wrsa77hH9EWCGi81Lq






