ജാതിചിന്തകൾക്കും അസമത്വങ്ങൾക്കും എതിരെ പോരാടി ആധുനിക കേരളത്തിന്റെ ശില്പികളായി മാറിയ ശ്രീനാരായണഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മദിനത്തിൽ ആ വീരസ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് നാട്. മാനവികതയുടെയും സാമൂഹിക നവീകരണത്തിന്റെയും വെന്നിക്കൊടി പാറിച്ച ഇരു നവോത്ഥാന നായകരുടെയും ചിന്തകൾക്ക് വർത്തമാനകാലത്ത് പ്രസക്തിയേറുകയാണ്.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന” ഒരു മാതൃകാസ്ഥാനത്തെക്കുറിച്ചുള്ള കേവലം സന്ദേശം നൽകുക മാത്രമായിരുന്നില്ല ശ്രീനാരായണഗുരു ചെയ്തത്. മറിച്ച്, താൻ മുന്നോട്ടുവെച്ച ആശയങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിക്കാട്ടിയതിലാണ് ആ മഹത്ചൈതന്യത്തിന്റെ അമരത്വം കുടികൊള്ളുന്നത്. മനുഷ്യത്വമാണ് ഏറ്റവും വലിയ ജാതിയെന്നും, വിദ്യാഭ്യാസം കൊണ്ടും സംഘാടനം കൊണ്ടും മാത്രമേ സ്വാതന്ത്ര്യവും കരുത്തും നേടാനാകൂ എന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
വയറു വിശപ്പടക്കാൻ വേണ്ടി മാത്രം അഹോരാത്രം പണിയെടുക്കാൻ വിധിക്കപ്പെട്ട അധഃസ്ഥിത ജനതയോട്, അറിവാണ് ഏറ്റവും വലിയ ആയുധമെന്ന് ഓർമ്മിപ്പിച്ചത് മഹാത്മാ അയ്യങ്കാളിയാണ്. “എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ, ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും” എന്ന അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പ്രഖ്യാപനം കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ അവകാശപോരാട്ടങ്ങളിലൊന്നാണ്. സാമൂഹിക ഉയർച്ചയ്ക്ക് വിദ്യാഭ്യാസം നിർബന്ധമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വിദ്യാലയങ്ങളുടെ വാതിലുകൾ തുറന്നുകൊടുത്തു.
കേരള സമൂഹത്തെ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച എക്കാലത്തെയും വലിയ വിപ്ലവനക്ഷത്രങ്ങളാണ് ശ്രീനാരായണഗുരുവും അയ്യങ്കാളിയും. അസമത്വങ്ങൾക്കെതിരെയും അവകാശങ്ങൾക്കു വേണ്ടിയും അവർ നയിച്ച ആ വീര ചരിത്രത്തിന്റെ പിൻമുറക്കാരാണ് നമ്മൾ. ജാതിമത ചിന്തകൾക്കതീതമായി മനുഷ്യത്വം ഉയർത്തിപ്പിടിക്കാൻ അവരുടെ ആശയങ്ങൾ എന്നും നമുക്ക് വഴികാട്ടിയായിരിക്കും.






